Friday, October 31, 2014

പട്ടംഒഴിവുള്ള വൈകുന്നേരങ്ങളിൽ കടപ്പുറത്ത് പോയിരുന്ന് ഒരു സിഗരറ്റിനു തീകൊളുത്തി വെറുതെ അലസമായി ചിന്തിച്ചിരിക്കുന്നത് സന്തോഷിന്  ഇഷ്ടമായിരുന്നു. നഷ്ടപ്പെട്ട ഭൂതകാലത്തിന്റെ സ്മരണകൾ  അയവിറക്കി, പടിഞ്ഞാറുനിന്നും തിരമാലകളെ ചുംബിച്ചു വരുന്ന കാറ്റിലേക്കു തൊട്ടു മുന്നേ ദിവസത്തെ ന്യൂസ്‌ പേപ്പറിൽ പൊതിഞ്ഞ കടലമണികളെ പെറുക്കിയെടുത്ത് വായിലോട്ടും  അതിന്റെ തൊലി ഊതി  പറപ്പിച്ചും  മണിക്കൂറുകളോളം ഇരിക്കുമ്പോൾ അയാൾക്ക്‌ ഒരു പക്ഷെ തന്റെ വർത്തമാനകാലത്തെ വിഹ്വലതകളിൽ നിന്നുള്ള ഒരു മോചനം തന്നെയായിരുന്നു.


ജീവിതത്തിൽ പണത്തിന് വ്യക്തമായ സ്ഥാനം ഉണ്ടെന്നു സന്തോഷിന്  മനസ്സിലാവുന്നത് അയാളുടെ എട്ടാമത്തെ വയസ്സിലാണ്. വേനലവധിയിലെ ഒരു വിഷു ദിനം. തൊട്ടടുത്ത വീട്ടിലെ രമേഷ് കുളിച്ചു കോടിയണിഞ്ഞ് അവന്റെ അച്ഛൻ വാങ്ങിച്ചുകൊടുത്ത അലൂമിനിയത്തിന്റെ ആ കറുത്ത കളിത്തോക്കുമായി വന്നപ്പോൾ, തലേ ദിവസം അപ്പുനായരുടെ പീടികയിൽ താൻ അച്ഛന്റെ കൂടെ പോയപ്പോൾ അതേ  തോക്കിന്നു വേണ്ടി വാവിട്ടു കരഞ്ഞിട്ടും തീർത്തും പിശുക്കനായ അച്ചൻ വിസമ്മതിക്കുകയായിരുന്നു, പക്ഷെ ആ വിഷു ദിനത്തിൽ തന്റെ അച്ഛന്റെ സമ്പത്തിന്റെ ഏഴയലത്തുപോലുമെത്താത്ത ശ്രീധരേട്ടന്റെ മകൻ രമേഷ് അതേ കളിത്തോക്കുമായി വന്നു നിൽകുമ്പോൾ ആ കുഞ്ഞു ഹൃദയം ആദ്യമായി പണത്തിന്റെ വില മനസ്സിലാക്കുകയായിരുന്നു. തന്റെ ആഗ്രഹങ്ങൾക്കെല്ലാം തടസ്സം നിന്ന് അച്ഛൻ അച്ഛന്റെ ആഗ്രഹം  സാഫല്യമാക്കാൻ മെഡിസിൻ പോവാൻ പറഞ്ഞപ്പോൾ ആദ്യമായി അച്ഛനെ ധിക്കരിക്കേണ്ടി വന്നു .
നീ നന്നാവില്ലെടാ കുരുത്തം കെട്ടവനെ എന്നുള്ള സ്ഥിരം പല്ലവിയിൽ ആ ദിവസം തുടങ്ങിയെങ്കിലും ജീവിതത്തിന്റെ അനന്തമായ യാത്രാ പുസ്തകത്തിലെ ഒരു പുതിയ അദ്ധ്യായം അവിടെ തുടങ്ങുകയായിരുന്നു.


കടലിന് അഭിമുഖമായി കാർ നിറുത്തി, സ്ഥിരമായി ഇരിക്കാറുള്ള വൈദ്യുതി വിളക്കിന്റെ ചുവട്ടിൽ  അയാൾ രണ്ടാമത്തെ സിഗരറ്റിനു തീ കൊളുത്തി ഇരിക്കുമ്പോൾ  തൻറെ വാട്സപ്പിൽ മെസ്സേജുകൾ വന്നുകൊണ്ടേയിരുന്നു. ആധുനികതയുടെ യാന്ത്രികമായ ജീവിതത്തിൽ സമയത്തെ കീറിമുറിച്ചു ഇന്നിന്റെ വിഹ്വലതകളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആള്ക്കാരുടെ കൂട്ടായ്മയിൽ അയാൾ സജീവമായിരുന്നു. ചിലനേരങ്ങളിൽ തന്റെ മൊബൈലിലെ സ്ക്രീനിൽ നോക്കി അയാൾ ആർത്ത് ചിരിക്കുമ്പോൾ, ഡാഡ്.....ആർ യു ക്രയ്സി ???? പ്ലീസ് ഡോണ്ട് ഡിസ്റ്റർബ്  മി ......എന്ന തന്റെ എട്ടു വയസ്സുള്ള മകൻ എക്സ് ബോക്സിൽ ഫുട്ബോൾ കളിച്ചിരിക്കുമ്പോൾ അയാളെ പരിഹസിക്കുമായിരുന്നു...ഭാര്യയാവട്ടെ കാണ്ടി ക്രഷ് ഗയിമിന്റെ മായിക ലോകത്തു സദാ തന്റെ കണ്ണുകൾ  സ്മാര്ട്ട് ഫോണിനെ ഭോഗിച്ചു  കൊണ്ട് കാലത്തെ അധിവേഗതയിൽ ചലിപ്പിച്ചുകൊണ്ടിരുന്നു....


വൈകുന്നേരത്തിന്റെ ആലസ്യത്തിൽ തിരമാലകൾ കരയിലെ മണൽ തിട്ടകളിലേക്കു ശയിക്കാനെന്നവണ്ണം വന്നു കൊണ്ടിരുന്നു. തന്റെ യാന്ത്രികവും, സ്കൈൽ വെച്ചു തിട്ടപ്പെടുത്തിയതും  പോലെയുള്ള ഒരു ജീവിതമാണ് കടൽ എന്നും അയാൾക്ക്‌ തോന്നി. വെറുതെ കടലിന്റെ അനന്തതയിലേക്കു തന്റെ നയനങ്ങളെ സമർപ്പിച്ചിരിക്കുമ്പോൾ അങ്ങകലെ ഒരു ജനക്കൂട്ടം അയാൾ കണ്ടു.
വ്യത്യസ്ത പ്രായങ്ങളിലുള്ളവർ...ആണ്‍, പെണ്‍ ഭേദമന്യേ...എല്ലാവരും വളരെ ആനന്ദത്തോടെ ആകാശത്തിലേക്കു നോക്കിക്കൊണ്ടിരിക്കുന്നു, എല്ലാവരുടെയും മുഖത്ത് അത്ഭുതവും , ആകാംക്ഷയും കാണാം.
സന്തോഷ്‌ ആ ജനക്കൂട്ടത്തിനരികിലേക്ക് നടക്കുകയാണ്, തന്റെ വാട്സപ്പിൽ തുരുതുരാ മെസ്സേജുകൾ വരുന്നുണ്ടെങ്കിലും അയാൾ അത് ഖൗനിക്കുന്നേയില്ല...
അയാൾ വെറുതെ തന്റെ കണ്ണുകളെ മാനത്തേക്കു എറിഞ്ഞപ്പോൾ ആൾകൂട്ടത്തിന്റെ മുകളിലായി പറക്കുന്ന അനേകം പട്ടങ്ങളാണു കണ്ടത്.
വിവിധ ആകൃതിയിലും, വർണ്ണത്തിലും, വലിപ്പത്തിലുമുള്ള പട്ടങ്ങൾ.


അയാൾ ജനക്കൂട്ടത്തിനരികിലെത്തിയപ്പോൾ തന്റെ കണ്ണുകളെ അയാൾക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല, ഉയരങ്ങളിൽ പറന്നു പൊങ്ങുന്ന ഓരോ പട്ടത്തിന്റെയും ചരടിന്റെ അറ്റത്ത് വീൽ ചെയറിൽ ഇരിക്കുന്ന ജീവിതം പൂവിട്ടു തുടങ്ങുമ്പോൾ തന്നെ മനസ്സ് അസന്തുലിതമായ ഒരു കൂട്ടം കുരുന്നുകൾ...
ചുറ്റിലും കൂടി നില്ക്കുന്നവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു, സന്തോഷ് തീർത്തും ചിന്താമഗ്നനാണ്. തന്റെ തിരക്കു പിടിച്ച ജീവിതത്തിൽ കാണാതെ പോവുന്ന ഒരു പാട് ജീവിതങ്ങൾ,,,

വൈബ്രറ്റർ മോഡിൽ കിടന്ന തന്റെ ഫോണ്‍ ചലിച്ചപ്പോൾ ഭാര്യയായിരുന്നു,

"സന്തോഷ്..അഭയ് അവന്റെ PS4 ൽ DriveClub Vedio Game  പ്ലേ ചെയ്യാൻ കഴിയുന്നില്ല..ഐ ചെക്ഡ് ഇന് TWitter, Sony ഇറ്റ്‌സെൽഫ് പറയുന്നു, സം പ്രോബ്ലംസ് ഉണ്ടെന്ന്...വരുമ്പോൾ നമ്മൾ വാങ്ങിച്ച ആ ഔറ്റ്ലെറ്റിൽ ഒന്നന്വേഷിക്കണം."

ശരി ഞാൻ അന്വേഷിക്കാം എന്ന് പറഞ്ഞുകൊണ്ട് സന്തോഷ്‌ ആ  സംഭാഷണം അവിടെ അവസാനിപ്പിച്ചു.

വീൽചെയറിൽ ഇരിക്കുന്ന ഇരുപതോളം കുട്ടികൾ വാനത്തിൽ ഉയർന്നു പറക്കുന്ന പട്ടങ്ങളിലേക്കു നോക്കുമ്പോൾ അവരുടെ മുഖത്ത് കാണുന്ന പ്രസന്നത ആ പട്ടങ്ങളെ പോലെതന്നെ അവരും എത്രയോ ഉയരങ്ങളിലാണെന്നു ബോധിപ്പിച്ചു. മനസിന്റെയും ശരീരത്തിന്റെയും അസന്തുലിതാവസ്ഥ ഉയരങ്ങ്ങ്ങളിൽ പറക്കാനുള്ള മോഹത്തിന് ഒരു ക്ഷതമല്ല എന്നുള്ള ഒരു ഓർമപ്പെടുത്തലും.


പടിഞ്ഞാറൻ ചക്രവാളത്തിൽ ചുവപ്പ് പരത്തി അസ്തമിക്കനുള്ള ധൃതിയിലിരിക്കുന്ന സൂര്യനെ  തഴുകാൻ വെമ്പൽ കൊണ്ട് പറക്കുന്ന പച്ചയും, മഞ്ഞയും, നീലയും, വെളുപ്പും നിറമുള്ള അനേകം പട്ടങ്ങൾ. ആകാശം സ്വാതന്ത്ര്യമാണ്, സ്വാതന്ത്ര്യത്തിന്റെ അനുഭൂതിയിൽ താല്പര്യമില്ലാതെ കുട്ടികളുടെ കണ്ണുകളിലേക്കു നോക്കി പട്ടങ്ങൾ ആകാശത്ത് നിന്ന് നൃത്തം ചെയ്തു കൊണ്ടിരുന്നു.


സന്തോഷിന്  ഇതൊരു പുതിയ അനുഭവമായിരുന്നു. സൂര്യസ്തമയങ്ങിൽ ഇടയ്ക്കിടെ വരാറുണ്ടെങ്കിലും മനസ്സിനെ പിടിച്ചുലച്ച ഒരനുഭവം ഇല്ലായിരുന്നു. ആൾകൂട്ടത്തിൽ ഈ പരിപാടിയെ കുറിച്ച് തിരക്കിയപ്പോൾ തൊട്ടടുത്ത്‌ ഒരു കുഞ്ഞു പട്ടം പറത്തുന്ന ഒരു വൃദ്ധനു നേരെ വിരൽ ചൂണ്ടി ഒരാൾ പറഞ്ഞു. അയാളാണ്, ആ മനുഷ്യ സ്നേഹി....അയാളുടെ ഹൃദയമാണ്, സ്വപ്നങ്ങളാണ്, പ്രതീക്ഷകളാണ്, ആ പറന്നുയരുന്നത്. ലോകത്തിന്റെ മിക്ക സ്ഥലങ്ങളിലും പോയി പട്ടം പറത്തുന്ന ആൾ. ചിലയിടങ്ങളിൽ യുദ്ധത്തിനെതിരെ, ചിലയിടങ്ങളിൽ ആഗോള താപനത്തിനെതിരെ, മറ്റു ചിലയിടങ്ങളിൽ വംശീയ ഹത്യക്കെതിരെ, അങ്ങിനെ നിരവധി.....ഇവിടെ ഇപ്പോൾ നിരാലംബരായ മനസും ശരീരവും മരവിച്ച കുരുന്നുകൾക്ക് സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ചിറകുകൾ വിരിയിക്കാൻ....
പ്രതികരണ ശേഷി നഷ്ടപ്പെട്ട ശതകോടികൾ കൊർപരെറ്റുകളുടെ എച്ചിൽ നക്കുന്ന ഇന്നിന്റെ വിരിമാറിൽ തന്റേതായ ശൈലി യിൽ സന്ദേശം കൈമാറുന്ന അത്യപൂർവ്വം മാനവ സ്നേഹികളിൽ ഒരാൾ.

സന്തോഷിന് ഒന്നും മനസ്സിലായില്ല. യാന്ത്രികമായ ലോകത്ത് ജീവിക്കുന്ന അയാൾക്ക്‌ മണ്ണും, മനുഷ്യനും, പട്ടിണിയും, ദുരിതങ്ങളും, യുദ്ധങ്ങളും പുസ്തകത്തിലും TV യിലും മാത്രമേ അയാൾ കണ്ടിരുന്നു.

തന്റെ കയ്യിലിരിക്കുന്ന മൊബൈൽ ഫോണിന്റെ സ്ക്രീനിലേക്ക് നോക്കിയപ്പോൾ അനേകം വാട്സാപ്പ് മെസ്സാജുകൾ വന്നുകിടക്കുന്നുന്റയിരുന്നു. ഭൂരിഭാഗവും ഭാര്യയുടെ തന്നെ. പിന്നെ ഒരു ഫോർവേഡ് മെസ്സജും o-ve രക്തം വേണം എന്നും പറഞ്ഞ് ആരോ ഷെയർ ചെയ്തത്. പതിവ് പോലെ സന്തോഷ്‌ അത് ഇഗ്നോർ ചെയ്തു വൃദ്ധന്റെ അരികിലേക്ക് നടന്നടുത്തു.

ഇരുണ്ട നിറത്തിൽ, മെലിഞ്ഞുണങ്ങിയ ശരീരം. നന്നേ കഷണ്ടിയാണെങ്കിലും അങ്ങിങ്ങ് വെളുത്ത നിറത്തിലുള്ള കുറ്റിരോമങ്ങൾ വളർന്നു കിടക്കുന്നു. വെളുത്ത നീണ്ടുകിടക്കുന്ന താടിരോമങ്ങളിലൂടെ അയാളുടെ കൈവിരലുകൾ ഓടിച്ചുകൊണ്ട് മാനത്തേക്ക് പട്ടങ്ങളെയും നോക്കി ഇരിക്കുമ്പോൾ തന്റെ മുന്നിൽ വന്നു നില്കുന്ന സന്തോഷിനെ അയാൾ കണ്ടിരുന്നില്ല.

ഹായ്, ഐ ആം സന്തോഷ്‌. സ്വന്തം ബിസിനസ്‌ ആണ്. ഇവിടെ തന്നെ യാണ് വീട്. താങ്കളെ കുറിച്ച് അറിഞ്ഞപ്പോൾ സന്തോഷം തോന്നി. കൂടുതൽ അറിയണമെന്നു തോന്നി, ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം.

ആകാശത്തിന്റെ വിദൂരതയിൽ അഹങ്കരിച്ചു പറക്കുന്ന ആ കുഞ്ഞുപട്ടത്തിന്റെ ചരട് അയാളുടെ കറുത്ത മെലിഞ്ഞുണങ്ങിയ വിരലുകളിൽ നിന്നും, തന്റെ തൊട്ടടുത്ത്‌ നില്കുന്ന സുഹൃത്തിന് കൈമാറിയ ശേഷം സന്തോഷിന്റെ തോളിൽ കൈവെച്ചു ചോദിച്ചു :

സാറിന്  എന്താ അറിയേണ്ടത്? എന്നെ കുറിച്ചോ? അതോ എന്റെ പ്രവർത്തനങ്ങളെ കുറിച്ചോ?...
"സത്യത്തിൽ ഞാൻ അല്ലെങ്കിൽ നമ്മൾ പട്ടങ്ങളാണ്...നമ്മുടെ ജീവിതവും പട്ടങ്ങലെപോലെതന്നെയാണ്....
സ്വാതന്ത്ര്യമുണ്ടെങ്കിലും, സ്വാതന്ത്ര്യമില്ലാതെ...
പാരതന്ത്ര്യത്തിൽ അമർഷമുണ്ടായിട്ടും, ആസ്വദിക്കുന്നതുപോലെ...
പ്രതികാരിക്കാൻ ശേഷിയില്ലാതെ..
ശേഷിയുണ്ടെങ്കിലും പ്രതികരിക്കാൻ കഴിയാതെ.....
ഏതു സമയവും ഏതു വിദൂരതയിൽ നിന്നും പിടിച്ചിറക്കാൻ കഴിവുള്ള ഏതോ വിരലുകളിൽ കുരുങ്ങിക്കിടക്കുന്ന ചരടിന്റെ മറു തലയിലുള്ള അതി വിദൂരതയിൽ, ഉയരങ്ങളിൽ പറക്കുന്ന വ്യത്യസ്ത നിറങ്ങളിലുള്ള പട്ടങ്ങൾ"
.
അതല്ലേ സത്യം മിസ്റ്റർ സന്തോഷ്‌...?? നമ്മളും നമ്മുടെ ജീവിതവും?

എല്ലാവർക്കും പരിമിതികളുണ്ട്. ആ പരിമിതികൾക് ഉള്ളിൽ നിന്നുകൊണ്ട് നമ്മൾ എന്ത് ചെയ്യുന്നു? തനിക്കു വേണ്ടി, സമൂഹത്തിനു വേണ്ടി, പ്രകൃതിക്ക് വേണ്ടി, അതാണ്‌ പ്രധാനം.
നമ്മുടെ യുദ്ധങ്ങൾ സമയത്തിന് വേണ്ടിയാവണം, അല്ലാതെ ജീവനു വേണ്ടിയാവരുത്.

തന്റെ ഭൂതകാലത്തിന്റെ ചിത്രങ്ങൾ ഓരോന്നായി വൃദ്ധന്റെ മുന്നിലേക്ക്‌ തുറന്നിടാൻ സന്തോഷ്‌ തീരുമാനിച്ചു. അച്ഛന്റെ അമിതമായ പണത്തിനോടുള്ള സ്നേഹത്തിൽ നഷ്ടപ്പെട്ട കുട്ടിക്കാലം. ബാല്യമായപ്പോൾ വീണ്ടും അച്ഛന്റെ പിടിവാശി ക്ക് മുട്ടുമടക്കാതെ വീട്ടിൽ നിന്നിറങ്ങി കൂട്ടുകാരുടെ സഹായത്തോടെ ബിസിനസ്‌ തുടങ്ങുകയും. താൻ പോലുമറിയാതെ അത്പടർന്നു  പന്തലിച്ചതുമായ കഥ. കുട്ടിക്കാലത്ത് രമേശ്‌ വാങ്ങിച്ച് തന്ന ആ കളിത്തോക്കിനെ കുറിച്ച് വൃദ്ധനോട് പറഞ്ഞപ്പോൾ അതിന്റെ സന്തോഷം ഇന്നും അയാളുടെ ഹൃദയത്തിൽ  അലയൊലികൾ സൃഷ്ടിക്കുന്നു.

പക്ഷെ ജീവിതത്തിന്റെ മരണപ്പാച്ചിലിൽ താൻ എന്തൊക്കെയോ  മറന്നു..
ബിസിനസും, കുടുംബവുമായി അയാളുടെ ജീവിതം ചുരുങ്ങി.
ഫൈസ് ബുകിലെയും , വാട്സപ്പിലെയും , മറ്റു സോഷ്യൽ മീഡിയ സൈറ്റ് കളുടെയും  sharing & forwarding കാരുണ്യ പ്രവർത്തനത്തിൽ മാത്രം സജീവം.

സൂര്യൻ അസ്തമിച്ചു തുടങ്ങി..കുട്ടികളെ ഹോസ്റ്റലിൽ എത്തിക്കണം. എനിക്ക് നീങ്ങാൻ സമയമായി, ഒഴിവുള്ള സമയം നമുക്ക് വീണ്ടും കാണാം എന്നും പറഞ്ഞു വൃദ്ധൻ കുട്ടികളുടെ അടുത്തേക്ക് നടന്നു നീങ്ങി.

സൂര്യൻ കടലിന്റെ ആഴങ്ങളിലേക്ക് ഊർനിറങ്ങുന്നത് സന്തോഷിന് കാണാമായിരുന്നു. മേലെ ആകാശത്തിലെ ചുവന്ന മേഘങ്ങൾക്കിടയിലൂടെ പറവകൾ വാസത്തെ ലക്‌ഷ്യം വെച്ചു പറന്നകന്നു. താഴെ മണൽ പരപ്പുകളിൽ നിന്നും ആളുകൾ കൂട്ടം കൂട്ടമായി പിരിഞ്ഞു പോയി തുടങ്ങി.

 സന്തോഷ്‌ തന്റെ കാറിന്നരികിലേക്ക് നടന്നു നീങ്ങുമ്പോൾ മനസ്സിൽ ഒരു ദൃഡ നിശ്ചയം ഉണ്ടായിരുന്നു.

പോക്കറ്റിൽ കിടന്നു കൊണ്ട് മൊബൈൽ ഫോണ്‍ ശബ്ധിക്കുന്നുണ്ടായിരുന്നു...
ഭാര്യയാണെന്നും, മകന്റെ വീഡിയോ ഗയിമിന്റെ കാര്യം അന്വേഷിക്കാനാണെന്നും  അറിയുന്നത് കൊണ്ട് തന്നെ ആ ഫോണ്‍ അറ്റൻഡ് ചെയ്യാതെ അയാൾ കാർ സ്റ്റാർട്ട്‌ ചെയ്തു. ഇന്നത്തെ ദിവസത്തിന്റെ നിർവൃധി യോടെ അയാൾ തന്റെ വീട് ലക്‌ഷ്യം വെച്ചു.

4 comments:

pravaahiny said...

ജീവിതത്തില്‍ എല്ലാം യാന്ത്രികമായി തീരുന്നു . കുറച്ചു അക്ഷരതെറ്റുകളുണ്ട് ശ്രദ്ധിക്കുമല്ലോ. ഉദാഹരണത്തിന് ദ്യതി അല്ല ധ്യതി അത് പോലെ അവസാന വരികളിലെ ചില അക്ഷര പിശകുകള്‍. സ്നേഹത്തോടെ പ്രവാഹിനി

കൂവിലന്‍ said...

thanks pravahini...

sajalittoly said...

super,machaaney

സുധി അറയ്ക്കൽ said...

നല്ലൊരു സന്ദേശം തരുന്ന കത.

ആശംസകൾ.

ജീവിതം വല്ലാതെ യാന്ത്രികമാകുമ്പോഴും ,അതിനെ ചലനാത്മകമാക്കാൻ ഭൂരിഭാഗം പേർക്കും കഴിയാറില്ല.

ഇനിയും എഴുതൂ!!!!!