Sunday, June 17, 2012

തിരിച്ചറിവുകൾ!!

കൊഴിഞ്ഞുപോയ 2 വർഷം,
എന്റെ ജീവിതത്തിന്റെ പുസ്തകത്താളുകളിൽ നിന്നും അടർത്തിമാറ്റി ഞാൻ ചവറ്റുകൊട്ടയിലേക്കു
വലിച്ചെറിഞ്ഞു. ഒരു വാക്കിനെ പോലും പ്രസവിക്കാതെ മച്ചിയായി എന്റെ പേന എന്നെയും നോക്കിയിരുന്നു,
ചിന്തകളെല്ലാം മൺപുറ്റുകളായി മനസ്സിൽ ഉറച്ചുകിടക്കുന്നു, എഴുതാനും, എഴുതാതിരിക്കാനും,
ഒരേ കാരണങ്ങൾ; കാരണങ്ങൾ കാരണങ്ങളായി തന്നെ ഉറഞ്ഞുകിടക്കുന്നു,
ഞാൻ എന്നിൽ നിന്നും
വലിഞ്ഞു വലിഞ്ഞു എന്നുള്ളിലേക്ക്, പതുക്കെ വലിഞ്ഞു കൊണ്ടിരിക്കുന്നു. സങ്കുചിതമായ,
മുനയൊടിഞ്ഞ ചിന്തകളുമായി തമസ്സിലൂടെ പ്രയാണം നടത്താൻ പ്രേരണ തരുന്ന ഒരു കറുപ്പ് എന്റെ
തലയോട്ടി പൊളിച്ചു, തലച്ചോർ ചുറ്റികകൊണ്ട് അടിച്ചു പരത്തി വിദൂരതയിലേക്കു വലിച്ചെറിഞ്ഞു,
പണം വെറും പണമാണെന്നു തിരിച്ചറിയാൻ, ഒരു ആയുസ്സ് വേണ്ടി വരുമെന്ന് കുരങ്ങന്റെ കണ്ണിലൂടെ
നോക്കുന്നവൻ തിരിച്ചറിഞ്ഞില്ല. അന്തരാത്മാവിൽ കറുപ്പും കറുപ്പും തമ്മിൽ പോരടിക്കുമ്പോൾ
വെളിച്ചത്തിന്റെ ഒരു നാമ്പിനുവേണ്ടി മൈലുകൾ താണ്ടി; സമൂഹത്തിന്റെ അട്ടഹാസങ്ങൾ, ആർപ്പുവിളികൾ,
ചുവന്നു പെയ്യുന്ന മഴകൾ, വറ്റിവരണ്ട നദികൾ, വിണ്ടുകീറിയ പാടങ്ങൾ, മൊട്ടമലകൾ, ഒട്ടിയ
വയറുകൾ, കണ്ണീരുകൾ തീർത്ത ചുവന്ന പുഴകൾ, എല്ലാം കണാത്ത കഴ്ചകളും, കേൾകാത്ത ശബ്ദങ്ങളുമായിരുന്നു,
ഒടുവിൽ ഒരു വെട്ടം
ഒരു വെളുത്തമനസ്സിന്റെ രൂപത്തിൽ പടികയറി വന്നപ്പോൾ, വിദൂരതയിലേക്കു വലിച്ചെറിഞ്ഞ എന്റെ
തലച്ചോറും തിരഞ്ഞു ഞാൻ ഇറങ്ങിയോടി. വീണ്ടെടുത്ത തലച്ചോറുമായി നാളുകളായി ഇയ്യം പോലെ
ഉറച്ച്കിടക്കുന്ന ചിന്തകളെ ഉരുക്കുവാനുള്ള അതി തീവ്രമായ യജ്ഞം. ഞാൻ എന്റെ പേനയുടെ കണ്ണുകളിലേക്ക്
നോക്കി, അവ പൂർവ്വാധികം തിളങ്ങിയിരിക്കുന്നു, ഉന്തിയ വയറുമായി കാത്തിരിക്കുകയണ്.
പക്ഷെ ഇപ്പോൾ പുറത്തു
ചുറ്റും ഘോരമായ ഷബ്ധങ്ങൾ. അട്ടഹാസത്തിനു കനം കൂടിയിരിക്കുന്നു. ആർപ്പുവിളികൾ കർണ്ണപടങ്ങളെ
പ്രകമ്പനം കൊള്ളിക്കുന്നു, കണ്ണുകൾ വട്ടവലിപ്പത്തിൽ തുറന്നപ്പോൾ ചുവന്ന ആകാശമായിരുന്നു,
ചുവന്ന പുഴകളായിരുന്നു, ചുവന്ന കടലും, ചുവന്ന മരങ്ങളുമായിരുന്നു. വൈകിയാലും വൈകിയില്ലെങ്കിലും,
ഘടികാരത്തിലെ സൂചികൾ ആർക്കു വേണ്ടിയും നിശ്ചലമാവുന്നില്ല. തിരിച്ചറിവുകൾ വിവേകമുണ്ടാക്കുന്നു,
ഓരോ തീരുമാനങ്ങൾക്കും മൈൽ പ്രയാണത്തിൽ തിരിച്ചറിവുകൾ മുഴക്കങ്ങളുണ്ടാക്കട്ടെ. ചിന്തകളിൽ
ബീജ സങ്കലനം നടത്തി പേനയിലൂടെ പ്രസവിച്ചു വീഴുന്ന വാക്കുകൾ മനസ്സുകളിൽ ഇരുട്ടിനെ കീറിമുറിച്ച്
പ്രകാശത്തിന്റെ വിത്തുകൾ മുളപ്പിക്കട്ടെ; ഊർജ്ജം തന്ന വെളുത്ത ഹ്രിദയങ്ങളുടെ മന്ദഹാസം
അതെത്ര മനോഹരമാണ്. എന്റെ കറുത്ത് കരിവാളിച്ച ഹ്രിദയം മുറിച്ച് പകുത്തെടുത്ത് ആ വെള്ള
ഹ്രിദയങ്ങളുടെ കൂട്ടത്തിൽ ഒട്ടിച്ചു വെക്കട്ടെ!!!!!.

-

കൂവിലൻ